Pages

Samsung Galaxy S4

ഗാലക്‌സി എസ് 4 ല്‍ പരമ്പരാഗ ടച്ച് സങ്കേതികവിദ്യയ്ക്ക് പകരം 'ഫ് ളോട്ടിങ് ടച്ച്' (floating touch) എന്ന നൂതനസങ്കേതമാകും ഉപയോഗിക്കുക.

ഫോണിന്റെ സ്‌ക്രീനില്‍ വിരല്‍ തൊടേണ്ട ആവശ്യമില്ല; സ്‌ക്രീനിന് സമീപത്ത് മുകളില്‍ വിരല്‍ ചലിപ്പിച്ചാല്‍ മതി എന്നതാണ് ഇതിന്റെ പ്രത്യേകത. നിങ്ങളുടെ വിരല്‍ചലനം ഒരു കേര്‍സര്‍ പോലെ പ്രവര്‍ത്തിക്കും.

സോണി കമ്പനി അതിന്റെ 'എക്‌സ്പിരിയ സോള' സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിച്ചിട്ടുള്ള 'ഫ് ളോട്ടിങ് ടച്ച് സങ്കേതം', 'എയര്‍ വ്യൂ' (Air View) ഫീച്ചറായി ഗാലക്‌സി നോട്ട് 2 ല്‍ സാംസങ് ഉള്‍പ്പെടുത്തിയിരുന്നു.

ആ സങ്കേതമാണ് ഗാലക്‌സി എസ് 4 ലേക്ക് ഇപ്പോള്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'ഐ കണ്‍ട്രോളും' (eye control) ഗാലക്‌സി എസ് 4 നുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.


ബാറ്ററി ആയുസ്സ് കൂടും

സാംമൊബൈലിന്റെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍, ഗാലക്‌സി എസ് 4 ന്റെ ബാറ്ററി ആയുസ്സും കൂടും. കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നൂതന ഡിസ്‌പ്ലെ സങ്കേതമാണ് ഇതിന് വഴിയൊരുക്കുന്നത്. പുതിയൊരിനം 'അമോലെഡ്' (AMOLED) ഡിസ്‌പ്ലെ ആയിരിക്കുമത്രെ ഗാലക്‌സി എസ് 4 ല്‍. 'ഗ്രീന്‍ ഫോലെഡ്' ('green PHOLED') എന്നാണതിന്റെ പേര്.

'ഫോസ്‌ഫോറസെന്റ് ഓര്‍ഗാനിക് ലൈറ്റ്-എമിറ്റിങ് ഡയോഡുകളാ'ണ് പുതിയ ഡിസ്‌പ്ലെ സങ്കേതത്തിന്റെ അടിസ്ഥാനം. പരമ്പരാഗത OLED ഡിസ്‌പ്ലെകളില്‍ ഫ് ളൂറസെന്റ് പ്രകാശമാണ് ഉപയോഗിക്കുന്നതെങ്കില്‍, ഫോസ്‌ഫോറസെന്‍സ് ആണ് PHOLED ഡിസ്‌പ്ലെയ്ക്ക് അടിസ്ഥാനം.

പഴയ ഡിസ്‌പ്ലെയെ അപേക്ഷിച്ച് 25 ശതമാനം ഊര്‍ജക്ഷമത കൂടുതലാണ് പുതിയതിനെന്ന് സാംമൊബൈല്‍ പറയുന്നു. ബാറ്ററി കുറച്ചേ ചെലവാകൂ എന്നര്‍ഥം.

മറ്റ് വിശേഷങ്ങള്‍

ആന്‍ഡ്രോയിഡ് 4.2.1 പതിപ്പാണ് ഗാലക്‌സി എസ് 4 ല്‍ ഇറങ്ങുകയെങ്കിലും, അതിനെ ആന്‍ഡ്രോയിഡ് 4.2.2 വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്‌സൈനസ് ഒക്ട പ്രൊസസര്‍ ആകും ഫോണിന് കരുത്തു പകരുക, 2ജിബി റാമും ഉണ്ടാകും.

സാംസങ് ഓര്‍ബ് (Samsung Orb) എന്ന പുതിയ ക്യാമറ ഫീച്ചറും ഗാലക്‌സി എസ് 4 ലുണ്ടാകും. 360 ഡിഗ്രി ഫോട്ടോപിടിത്തം സാധ്യമാക്കുന്ന ഫീച്ചറാണിത്. 13 മെഗാപിക്‌സല്‍ ക്യാമറയാകും ഫോണിനുള്ളത്.

മാര്‍ച്ച് 14 ന് ന്യൂയോര്‍ക്കിലാണ് ഗാലക്‌സി എസ് 4 പുറത്തിറക്കുക.